ഊരകം ഗ്രാമത്തില്‍ ഏഴ് കത്തോലിക്ക കുടുംബങ്ങള്‍ ആണ് ഉണ്ടായിരുന്നത്. ഈ ഏഴു കുടുംബങ്ങള്‍ കൂടി 1962 ഒക്‌ടോബര്‍ 26-ാം തിയ്യതി 5 സെന്റ് സ്ഥലം 50 രൂപയ്ക്ക് വാങ്ങി ഈ വാങ്ങിയ സ്ഥലത്ത് ഒരു ഷെഡ്‌കെട്ടി പ്രാര്‍ത്ഥനകള്‍ക്കായി ഒത്തുകൂടിയിരുന്നു. 07/03/1990 ല്‍ ഊരകത്ത് കുരിശുപള്ളി പണിയുന്നതിന് വേണ്ടി 13 വീട്ടുകാര്‍ യോഗം ചേര്‍ന്ന് പറപ്പൂര്‍ പള്ളിക്ക് ഈ സ്ഥലം രജിസ്റ്റര്‍ ചെയ്ത്‌കൊടുത്തു. 05/12/1999 ല്‍ റവ. ഫാ. തോമസ് വടക്കേത്തല കൊച്ചുദേവാലയത്തിന്റെ കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. കണ്‍വീനര്‍ കെ. ഒ. വര്‍ഗ്ഗീസന്റെ നേതൃത്വത്തില്‍ പള്ളിപണിക്ക് വേണ്ടി ഫണ്ട് ഉണ്ടാക്കിയെടുക്കുയും, ഇടവകപള്ളിയുടെ സഹായത്താലും, ഇടവകയിലെ വീടുകളില്‍ നിന്നും പിരിവ് നടത്തിയുമാണ് പള്ളി പൂര്‍ത്തീകരിച്ചത്. 3 ലക്ഷം രൂപ ചിലവാക്കിയാണ് പള്ളി പണിതത്.
ഈ ദേവാലയം 09/05/2000 ല്‍ ആശിര്‍വാദകര്‍മ്മം നടത്തി. റവ. ഫാ. ജോര്‍ജ്ജ് അക്കര പറപ്പൂര്‍ വികാരിയായി ചാര്‍ജ് എടുത്തതിന് ശേഷം മാസത്തില്‍ ഒരു കുര്‍ബ്ബാന രൂപതയില്‍നിന്ന് അനുവദിച്ചു.
റവ.ഫാദര്‍ ജോര്‍ജ്ജ് വടക്കേത്തല വന്നതിന് ശേഷം എല്ലാ ഞായറാഴ്ചകളിലും, കടമുള്ള ദിവസങ്ങളിലും വിശുദ്ധകുര്‍ബ്ബാന അര്‍പ്പിക്കുന്നു. സെന്റ് സെബാസ്റ്റ്യന്‍ നാമധേയത്തിലുള്ള ഈ കുരിശുപള്ളിയില്‍ വിശുദ്ധ റീത്തായുടെ തിരുനാള്‍ എല്ലാവര്‍ഷവും സെപ്റ്റംബര്‍ ആദ്യ ഞായറാഴ്ച ആചരിച്ചുവരുന്നു.