Fr. Kuttikkatt Andrews, Vicar

Address
St. Sebastian Church, Purannattukara, Trichur, Kerala, 680 551
E-mail: stsebastianschurch@yahoo.com
Phone: 0487 2307209

Mass Timings

Sunday: 6.15 am, 10.00 am, 06.00 pm
Monday: 06:15am
Tuesday: 05:30am
Wednesday: 06:15am
Thursday: 06:15am
Friday: 06:15am
Saturday: 06:15am
Special : 05.30 pm (First Friday)

പുറനാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയം തൃശൂർ- കുന്നകുളം റോഡിലെ മുതുവറയിൽനിന്ന് രണ്ട് കിലോമീറ്റർ പടിഞ്ഞാറുമുറി സ്ഥിതിചെയ്യുന്നു. 1955 വരെയും പുറനാട്ടുകര അടാട്ട് ദേശത്തെ ക്രിസ്ത്യാനികൾ എല്ലാ ആദ്ധ്യാത്മിക വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് സമീപിച്ചിരുന്നത് മാതൃദൈവാലയമായ ആമ്പക്കാടിനെ ആയിരുന്നു. യാത്രാസൗകര്യം ഇല്ലാത്തതിനാൽ ഞായറാഴ്ചയിലെ കുർബ്ബാന, മാമ്മോദീസ, രോഗീലേപനം, ശവസംസ്‌കാരം, മതബോധനം എന്നിവ സമയത്തിന് നടത്തുവാൻ സാധിക്കാതെയായി. ഈ ബുദ്ധിമുട്ടുകൾ പുറനാട്ടുകരയിലെ വിശ്വസികളെ ദൈവാലയം പണിയുവാൻ പ്രേരിപ്പിച്ചു.

ഏകദേശം 70 വർഷങ്ങൾക്ക് മുമ്പ് 1122 കന്നിമാസം 26ന് പുറനാട്ടുകരയിലെ ഏതാനും ചെറുപ്പക്കാർ ചേർന്ന് സർവ്വേ നമ്പർ 40/1 ൽ കുരിശുപള്ളി പണിയുന്നതിന് 50 രൂപ വിലയ്ക്ക് വാങ്ങിയ 10 സെന്റ് ഭൂമിയിൽനിന്നാണ് ഇന്നത്തെ പുറനാട്ടുകര ഇടവകപള്ളിക്ക് പ്രാരംഭം കുറിച്ചത്. പത്ത് സെന്റ് പിന്നീട് അറുപതുസെന്റും ആറ് ഏക്കറുമായി വർദ്ധിച്ചു.

1953-ൽ ബഹു. ആന്റണി കുന്നംകുടം അച്ചന്റെ അപേക്ഷയിൽ തൃശൂർ രൂപതാദ്ധ്യക്ഷൻ റൈറ്റ് റവ. ഡോ. ജോർജ്ജ് ആലപ്പാട്ട് പിതാവ് പള്ളിപണിക്കുള്ള അനുവാദവും പള്ളിക്കും സെമിത്തേരിക്കുമുള്ള അനുവാദം അന്നത്തെ ബഹു. ജില്ലാ കളക്ടർ ശ്രീ. വേലുണ്ണി നൽകി. ബഹു. വികാരിയച്ചൻ പുതിയ പള്ളിയുടെ കല്ലിടൽ കർമ്മവും നിർവ്വഹിച്ചു.

ആമ്പക്കാട് പള്ളിയിൽ പുതിയതായി ചാർജ്ജെടുത്ത ബഹു. സേവർ അക്കരയച്ചൻ പള്ളിപണിക്ക് കൂടുതൽ താല്പര്യമെടുത്തു.

പതിനഞ്ച് മാസങ്ങൾകൊണ്ട് ഏകദേശം 12000 രൂപയോളം ചിലവിലാണ് അന്ന് പള്ളിപണി പൂർത്തിയാക്കിയത്. തമിഴ്‌നാട്ടിൽനിന്നും വന്ന കരിങ്കൽ പണിക്കാരുടെകരവിരുതിനാൽ കരിങ്കല്ലിൽ കൊത്തിയ തൂണുകൾ ഇന്നും പഴമക്കാരുടെ ഓർമ്മകളിൽ പച്ചകെടാതെ നിലകൊള്ളുന്നു. പള്ളിനിർമ്മാണത്തിന് തീരുമാനമെടുത്ത ബഹുമാനപ്പെട്ട വികാരി ആന്റണി കുന്നംകുടത്തച്ചനും പള്ളിപണി നിർമ്മാണത്തിന് ആരംഭം കുറിച്ച ബഹുമാനപ്പെട്ട സേവ്യർ അക്കര അച്ചനും കൂടി പുറനാട്ടുകര പള്ളിയുടെ ചരിത്രത്തിന് ആരംഭം കുറിച്ചു.

1955 ജനുവരി 11-ാം തിയ്യതി പുതിയ ദൈവാലയം വീരരക്തസാക്ഷിത്വം വരിച്ച വിശഉദ്ധ സെബാസ്ത്യാനോസിന്റെ മദ്ധ്യസ്ഥതയിൽ ദൈവത്തിന് സമർപ്പിച്ചുകൊണ്ട് അഭിവന്ദ്യ റൈറ്റ് റവ. ഡോ. ജോർജ്ജ് ആലപ്പാട്ട് പിതാവ് കൂദാശകർമ്മം നിർവ്വഹിക്കുകയും ചെയ്തു. അടുത്ത വർഷം മുതൽ ജനുവരി 11-ാം തിയ്യതി തന്ന തിരുനാൾ ദിനാമായി ആഘോഷിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. ആമ്പക്കാട് പള്ളിയുടെ കുരിശുപള്ളിയായിട്ടായിരുന്നു തുടർന്നും പുറനാട്ടുകര പള്ളി പ്രവർത്തിച്ചിരുന്നത്. കൂടുതൽ വളർച്ചക്കും പുരോഹതിക്കുംവേണ്ടി 1955 ഡിസംബർ 6-ാം തിയ്യതി പുറനാട്ടുകര പള്ളിയെ ഒരു സ്വതന്ത്ര ഇടവകയാക്കി അഭിവന്ദ്യ പിതാവ് കല്പനപുറപ്പെടുവിച്ചു. ആദ്യത്തെ വികാരി ബഹു. സേവ്യർ അക്കരയച്ചനായിരുന്നു.

പള്ളിമേടയും, മണിമാളികയുമെല്ലാം കാലക്രമേണ പള്ളിയുടെ ഭാഗമായി ഉയർന്നുവന്നു. പിന്നീട് ആത്മീയമായും കലാ-സാംസ്‌കാരികമായും, വിദ്യാഭ്യാസപരമായും, സാമ്പത്തികമായും ഇടവക പുരോഗതി നേടുകയും ചെയ്തു.

1955-ൽ ആരംഭിച്ച ഇടവക 27 വർഷങ്ങൾ പിന്നുടുമ്പോഴേക്കും കുടുംബങ്ങളുടെ എണ്ണം വളരെയേറെ വർദ്ധിക്കുകയും പള്ളിയിൽ സാധാരണ കർമ്മങ്ങൾക്കുപോലും ഇടവകഭക്തരെ ഉൾക്കൊള്ളാൻ സാധിക്കാതെയായി. അന്നത്തെ വികാരിയച്ചൻ ബഹു. ജോസഫ് അറങ്ങാശ്ശേരിയച്ചനും ഇടവകയോഗവും പള്ളി പുതിക്കി പണിയുവാൻ തീരുമാനമെടുത്തു. ചുരുങ്ങിയ കാലത്തിനുള്ളിൽ 1982 ഡിസംബർ 22ന് അന്നത്തെ തൃശൂർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കുണ്ടുകുളം പിതാവ് ദേവാലയത്തിന്റെ കൂദാശകർമ്മം നിർവ്വഹിച്ചു.

ഇടവകയുടെ പരിധിയിൽ വരുന്ന അടാട്ട് പ്രദേശവാസികളുടെ താല്പര്യപ്രകാരം അവരുടെ സൗകര്യത്തെ മുൻനിർത്തി ഇടവകവിഭജിച്ചു. 220 കുടുംബങ്ങൾക്കായി പുതിയ അടാട്ട് പള്ളിയും ഇടവകയും 2010 ജൂലായ് മാസം രൂപീകരിച്ചു.

നഗരപ്രാന്തപ്രദേശമായതിനാൽ ഇടവകയിലെ കുടുംബങ്ങൾ വർദ്ധിച്ചുവരികയും 3 ദശാബ്ദങ്ങൾക്ക് മുൻപ് മാത്രം പുനർനിർമ്മിച്ച ദേവാലയത്തിൽ കൂദാശകർമ്മങ്ങൾക്ക് ഇടവകഡനങ്ങളെ ഉൾക്കൊള്ളാൻ പറ്റാതാവുകയും ചെയ്തപ്പോൾ ദൈവനിയോഗത്താൽ പുതിയ പള്ളിപണിയാൻ തീരുമാനമെടുക്കുകയും ചെയ്തു. വികാരി ആൻഡ്രൂസ് കുറ്റിക്കാട്ടച്ചന്റെ നേതൃത്വത്തിൽ 2014 ജനുവരി 20ന് തറക്കല്ലിട്ട് പണി ആരംഭിച്ച ദേവാലയം റെക്കോർവേഗത്തിൽ 2 വർഷംകൊണ്ട് പൂർത്തിയാക്കുകയും 2016 ഏപ്രിൽ 3-ാം തിയ്യതി തൃശൂർ അതിരൂപതാദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് തചാഴത്ത് പിതാവിനാൽ കൂദാശ ചെയ്യുകയും ചെയ്തു. 20750 ചതുരശ്രഅടി വിസ്തീർണ്ണത്തിൽ പണിത ദേവാലയം ലോകത്തിലനെ തന്നെ ഏറ്റവും വീതികൂടിയ വിശുദ്ധസെബാസ്ത്യാനോസിന്റെ നാമധേയത്തിലുള്ള ദേവാലയങ്ങളിൽ ഒന്നാണ്. ഫാ. ആൻഡ്രൂസ് കുറ്റികാട്ടച്ചൻ തന്നെ ഇജപാലനനേതൃത്വം വഹിക്കുന്ന ഇടവകയിൽ ഇപ്പോൾ 940 കുടുംബങ്ങൾ അധിവസിക്കുന്നുണ്ട്. ഇടവക നൽകിയ സ്ഥലത്ത് എം.എൽ.എഫ്. സമർപ്പിത സമൂഹം മഠം പണിയുകയും ഇടവക സമൂഹത്തിന്റെ ആത്മീയകാര്യങ്ങളിൽ ശ്രദ്ധിക്കുകയും ചെയ്യുന്നു.

ഇടവകപ്രവർത്തനങ്ങൾ : സമൂഹത്തിന്റെ ആത്മീയ ഉണർവിനും സാമ്പത്തിക -സാമൂഹിക ഉന്നമനത്തിനുവേണ്ടി വികാരിയച്ചന്റെ നേതൃത്വത്തിൽ ഒട്ടേറെ പദ്ധതികളും പരിപാടികളും ഇടവകയിൽ നടപ്പിലാക്കിവരുന്നുണ്ട്. വർഷംതോറുമുള്ള ധ്യാനഹ്ങൾ, കൺവെൻഷനുകൾ ദൈവവിളി പ്രൈത്സാഹനക്യാമ്പുകൾ, വിശ്വാസപരിശീലനവേദികൾ, ഞായറാഴ്ചമതബോധനം, ഭവനസന്ദർശനം, സെമിനാറുകൾ, ചർച്ചകൾ, ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, കാരുണ്യപ്രവർത്തനങ്ങളായ ഭവനനിർമ്മാണം, ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം, കുടുംബസഹായനിധി, പരിസ്ഥിസംരംക്ഷണം, ജൈവകൃഷിപ്രോത്സാഹനം, വിളവെടുപ്പും വിപണനവും, കലാകായികമത്സരവേദികൾ, തീർത്ഥാടനം തുടങ്ങിയവ ഇടവകയിൽ വിജയകരമായി നടപ്പിലാക്കികൊണ്ടിരിക്കുന്നു. വൈദികരുടേയും സമർപ്പിതരുടേയും ഒട്ടേറെ ദൈവവിളികൾ ഇടവകയിൽ നിന്നുണ്ടാകുന്നു. വികാരി ഫാ. ആൻഡ്രൂസ് കുറ്റിക്കാട്ടച്ചന് കർഷകശ്രീ അവാർഡും ലഭിക്കുകയുണ്ടായി. ഇടവകയിൽ ശക്തമായ പ്രക്ഷേപണസൗകര്യത്തോടെയുള്ളി മീഡിക്ലാസും പ്രവർത്തിക്കുന്നു.

കുടുംബകൂട്ടായ്മകൾ : ഇടവകയിലെ 940 കുടുംബങ്ങൾക്കായി 27 കൂട്ടായ്മകൾ പ്രവർത്തിക്കുന്നുണ്ട്. കുടുംബമതബോധനത്തിന്റെയും സഭാപ്രബോധനത്തിന്റേയും കാരുണ്യപ്രവർത്തനങ്ങളുടെയും ശക്തമായ വേദികളാണ് ഇടവകയിലെ കുടുംബകൂട്ടായ്മകൾ, കുടുംബങ്ങൾ തമ്മിലും ഇഴയടുപ്പം വർദ്ധിപ്പിച്ച് അവ പങ്കുവപ്പിന്റെ ശക്തമായ വേദികളാക്കി മാറ്റാൻ അയൽഭവനകൂട്ടായ്മകൾ ഏറെ സഹായിക്കുന്നു. കുട്ടികളെ ചെറുപ്പത്തിലേതന്നെ ശുശ്രൂഷാമനോഭാവത്തിൽ വളർത്തികൊണ്ടുവരുവാനും സാമൂഹികതിന്മകളെ പ്രതിരോധിക്കാനും കുട്ടിക്കൂട്ടായ്മ രൂപീകരണം വളരെയേറെ സഹായിച്ചിട്ടുണ്ട്. വികാരിയച്ചനും സിസ്റ്റേഴ്‌സും ബ്രദേഴ്‌സും കേന്ദ്രസമിതി ഭാരവാഹികളുമടങ്ങിയ ഫോർമേറ്റഴ്‌സ് ടീം സ്ഥിരമായി എല്ലാ കൂട്ടായ്മയോഗങ്ങളിലും പങ്കെടുത്ത് നിർദ്ദേശങ്ങൾ നൽകുന്നു. അഗതിമന്ദിരസന്ദർശനം, ആശുപത്രിസന്ദർശനം, ചികിത്സാസഹായം, സാധുജനസേവനം, തീർത്ഥാടനം, ദിനാചരണങ്ങൾ, സഭാനുഷ്ഠാനങ്ങൾ, ചർച്ചാവേദികൾ, പരിസ്ഥിതിസംരംക്ഷണം, ജൈവകൃഷി, കലാ-കായികവേദികൾതുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ സ്വന്തമായി കൂട്ടായ്മകൾ ഏറ്റെടുത്ത് നടത്തികൊണ്ടിരിക്കുന്നു. ഇടവക കേന്ദ്രസമിതി കൂട്ടായ്മ പ്രവർത്തനങ്ങളെ ക്രോഡീകരിക്കുകയും കൂട്ടായ്മകൾക്കുവേണ്ട പ്രോത്സാഹനം നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.

സംഘടനകൾ :
ഇടവകക്കു കീഴിൽ 13 സംഘടനകൾ അവരുടെ മേഖലകളിൽ സ്തുത്യർഹമായ സേവനം നടത്തുന്നുണ്ട്. ദർശനസഭ, വിൻസന്റ് ഡി. പോൾ, മാതൃവേദി, കെ.സി.വൈ.എം., എ.കെ.സി.സി, ജീസസ് യൂത്ത്, സി.എൽ.സി., ലീജിയൻ ഓഫ് മേരി, ഫ്രാൻസിസ്‌കൻ അത്മായസഭ, തിരുബാലസഖ്യം, ഗായകസംഘം, മദ്ധ്യവിരുദ്ധസമിതി, സ്‌നേഹനിധി എന്നീ സംഘടനകളിലായി ഇടവകയിലെ ഭൂരിപക്ഷം അംഗങ്ങളും പ്രവർത്തിച്ചുവരുന്നു. ഈ സംഘടനകൾക്കൊപ്പം കൂടി ഇടവകയിൽ ഒരു ഏകോപനസമിതിയും നിലവിലുണ്ട്. വളരെ ശ്രദ്ധേയമായ ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ആത്മീയ-സാമൂഹികപ്രവർത്തനങ്ങൾക്കും ഈ സംഘടനകൾ നേതൃത്വം നൽകുന്നുണ്ട്.

എല്ലാവർഷവും ഇടവകമദ്ധ്യസ്ഥനായ വി.സെബാസ്ത്യാനോസിന്റെ തിരുനാൾ ജനുവരി 11-ാം തിയ്യതി ആഘോഷപൂർവ്വം ഭക്തിനിർഭരമായി ആചരിച്ചുവരുന്നു. ഇടവകയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കൂട്ടായ്മകളുടെ നേതൃത്വത്തിൽ മനോഹരമായ തേരുകളുടെ അകമ്പടിയോടെയുള്ള 20ഓളം അമ്പെഴുന്നള്ളിപ്പുകൾ ഈ ഇടവകയുടെമാത്രം പ്രത്യേകതയാണ്. ഇടവകയുടെ പ്രവർത്തനങ്ങൾക്ക് പറപ്പൂർ ഫൊറോനയുടെ നിർലോഭമായ പ്രോത്സാഹനവും നിർദ്ദേശങ്ങളും എക്കാലത്തും സഹായകമായിരുന്നു.