മുന്‍കാലങ്ങളില്‍ സി.എല്‍.സി. സംഘടനയില്‍ പ്രവര്‍ത്തിക്കുകയും 35 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് തുടര്‍ന്നും സി.എല്‍.സി.യില്‍ പ്രവര്‍ത്തിക്കാനുതകുന്ന രീതിയില്‍ ഒരു പുതിയ സംഘടന തൃശൂര്‍ അതിരൂപതയില്‍ ഉണ്ടാകണമെന്ന ശക്തമായ പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രൊഫഷണല്‍ സി.എല്‍.സി.യെന്ന സംഘടന 1987-ല്‍ തൃശൂര്‍ അതിരൂപതയില്‍ സ്ഥാപിതമായി ആയതിന്റെ ശാഖകള്‍ വിവിധ ഇടവകകളില്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി 31-7-2010-ല്‍ പറപ്പൂര്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍ ഫൊറോന ഇടവക വികാരി വെ.റവ.ഫാ. ഫ്രാങ്കോ കവലക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ മുന്‍കാല സി.എല്‍.സി. പ്രവര്‍ത്തകരുടെ ഒരു ആലോചനയോഗം കൂടുകയുണ്ടായി. തുടര്‍ന്ന് 8-8-2010 ഞായറാഴ്ച വൈകീട്ട് 7 മണിക്ക് ആയതിന്റെ ഒരു ജനറല്‍ബോഡിയോഗം വിളിച്ച് ചേര്‍ക്കുകയും 19-ഓളം അംഗങ്ങള്‍ പങ്കെടുത്ത പ്രസ്തുത യോഗത്തില്‍നിന്നും സംഘടനയുടെ പ്രഥമ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റായി ശ്രീ. ജോര്‍ജ്ജ് മാത്യു പി., സെക്രട്ടറി – ശ്രീ. ടോണി പി.ഡി., ട്രഷറര്‍ – ജിന്‍ജോ കെ.ജെ. തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘടന ശക്തമായ നിലയില്‍ പ്രവര്‍ത്തിച്ച് വന്നു. ആദ്യകാലങ്ങളില്‍ ശ്രീ. സി.എ. ജോസഫ് മാസ്റ്ററുടെ നേതൃത്വത്തില്‍ ഇടവകജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ , എപ്പോള്‍ ആവശ്യംവന്നാലും ലഭ്യമാകുന്ന ഒരു രക്തദാന ദ്രുതകര്‍മ്മസേന രൂപീകരിക്കുകയും, ആയതിനായി ഒരു ബ്ലഡ് ഗ്രൂപ്പ് ഫോറവും -ഡയറക്ടറിയും തയ്യാറാക്കുകയും ചെയ്തു. മയക്കമരുന്ന്, പാന്‍മസാല തുടങ്ങിയവയുടെ വിപണനവും ഉപഭോഗവും വര്‍ദ്ധിച്ച്വരുന്നത് പരിഗണിച്ച്, ഇടവകയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് മാര്‍ക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ ‘നെസ്റ്റ് ഡയറക്ടര്‍’ ഫ. ജോജു പനയ്ക്കലിന്റെ നേതൃത്വത്തില്‍ പ്രസ്തുത വിപത്തിനെതിരെ ബോധവത്ക്കരണ ക്ലാസ്സുകളും, സ്ലൈഡ് ഷോകളും നടത്തുകയുണ്ടായി. മൈലാപൂര്‍ തുടങ്ങിയ പുണ്യസ്ഥലങ്ങളിലേക്ക് തീര്‍ത്ഥാടനയാത്രകള്‍, കള്‍ചറല്‍ ക്ലാസ്സുകള്‍,ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്തു. ദൈവാലയത്തില്‍ വരുന്നവര്‍ക്ക് കുടുവെള്ളമൊരുക്കുന്നതിന് ഒരു ‘വാട്ടര്‍ പ്യൂരിഫൈയര്‍’ സ്ഥാപിക്കുകയുണ്ടായി.

20-2-2012-ല്‍ കൂടിയ ജനറല്‍ ബോഡിയോഗത്തിന്റെ തൃശൂര്‍ അതിരൂപതയ്ക്ക് തന്നെ അഭിമാനമായി മാറിയ ‘സൗജന്യ പി.എസ്.സി. കോച്ചിങ്ങ് ക്യാമ്പ്’ തുടങ്ങാനുള്ള തീരുമാനമെടുക്കുകയും, ശ്രീ. പി.എ. ഔസേഫ് കണ്‍വീനറായി ഒരു കമ്മറ്റിയെ നിയോഗിക്കുകയും 18-3-2012-ല്‍ പരിശീലന ക്യാമ്പും, മോട്ടിവേഷന്‍ ക്ലാസ്സും ആരംഭിക്കുകയും ചെയ്തു. പ്രസ്തുത സംരംഭം 5 വര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കുകയും അനേകം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഇടംനേടുകയും ചെയ്തിട്ടുണ്ട്. സംഘടനയുടെ തുടക്കം മുതല്‍ മാതാവിന്റെ ജനനതിരുനാള്‍, സ്വര്‍ഗ്ഗാരോപണതിരുന്നാള്‍ തുടങ്ങിയവക്ക് നേര്‍ച്ചപായസം തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്.

ചൊവ്വന്നൂര്‍ ദൈവാലയത്തില്‍ ഒക്‌ടോബര്‍ 13ന് നടന്നുവരുന്ന ദൈവദാസന്‍ ആഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചന്റെ ശ്രാദ്ധാചരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജന്മസ്ഥലമായ പറപ്പൂരില്‍ നിന്നും ഒരു തീര്‍ത്ഥാടന പദയാത്ര ആരംഭിക്കുന്നതിന് സംഘടന മുന്നിട്ടിറങ്ങുകയും 2012 ഒഖ്‌ടോബര്‍ 7ന് പ്രസിഡന്റ് ശ്രീ. ജോര്‍ജ്ജ് മാത്യുവിന്റെ നേതൃത്വത്തില്‍ ഡയറക്ടര്‍ വെ.റവ. ഫാ. ഫ്രാങ്കോ കവലക്കാട്ട് ഫ്‌ളാഗ് ഓഫ് ചെയ്ത് പദയാത്ര ആരംഭിക്കുകയും ചെയ്തു. ഏകദേശം 150 ആളുകള്‍ പങ്കെടുത്ത പ്രസ്തുത പദയാത്ര വളരെ ശക്തമായി വിശ്വാസദൃഢതയോടെ തുടര്‍ന്നുവരുന്നു.
വര്‍ഷങ്ങളായി ഇടവകതിരുന്നാള്‍ പ്രദക്ഷിണസമയത്ത് ട്രാഫിക് നിയന്ത്രണം സംഘടനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച് വരുന്നു. ദേവാലയ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള കെട്ടിടം പൊളിക്കാനും ആയത് നീക്കം ചെയ്യുവാനും സംഘടനപ്രവര്‍ത്തകര്‍ മുന്‍പന്തിയില്‍ നിന്നു പ്രവര്‍ത്തിച്ചിട്ടുള്ളത് വളരെ ശ്ലാഹനീയമാണ്. ശ്രീ. പി.ആര്‍. ജോസഫ്, ശ്രീ. സിന്റോ കുണ്ടുകുളം, ശ്രീ. പി.ടി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലും സംഘടന പൂര്‍വ്വാധികം ശക്തിയോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡയറക്ടര്‍ ഫാ. പോളി നീലങ്കാവിലിന്റെ ശക്തമായ ഉത്തേജനവും, ഊര്‍ജ്ജവും ഇക്കാലയളവില്‍ സംഘടനക്ക് മുതല്‍കൂട്ടായിട്ടുണ്ട്. ക്രിസ്തുമസ്സിന് നക്ഷത്രങ്ങള്‍ ഒരുക്കിയും, ഇടവകതലത്തില്‍ നക്ഷത്രമത്സരം നടത്തിയും വലിയ നോമ്പിന്റെ തുടക്കത്തില്‍ കരിക്കുറി പായ്ക്കറ്റില്‍ നിറച്ചും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇടവകയ്ക്ക് വലിയ തോതില്‍ പങ്കാളിത്തം നല്‍കിവരുന്നു. സൗജന്യ സിനിമപ്രദര്‍ശനത്തിന്റെ ഭാഗമായി 12 ഓളം വിശുദ്ധരുടെയും മറ്റു സിനിമകള്‍ പ്രദര്‍ശിപ്പിക്കാനും സംഘടനക്ക് സാധിച്ചിട്ടുണ്ട്. പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ നിര്‍മ്മാണപ്രവര്‍ത്തന ഫണ്ട് ശേഖരണാര്‍ത്ഥം, ഫ്‌ളഡ്‌ലൈറ്റ് , കിക് ഓഫ് ടൂര്‍ണമെന്റ് തുടങ്ങുകയും പ്രസ്തുത പരിപാടിയില്‍ നിന്നും ലഭ്യമായ തുക സ്‌കൂള്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യുകയും ചെയ്തു. 2016ലെ അതിരൂപത പ്രൊഫഷണല്‍ സി.എല്‍.സി. ഏറ്റവുവം മികച്ച പ്രവര്‍ത്തകനുള്ള അവാര്‍ഡ് ശ്രീ. ജോര്‍ജ്ജ് മാത്യു പി.യ്ക്ക് ലഭിക്കുകയുണ്ടായി. ശ്രീ. അലക്‌സ് സി.എ. പ്രസിഡന്റായും, ശ്രീ സണ്ണി ആലപ്പാട്ട് സെക്രട്ടറിയായും, ശ്രീ. പി.സി. ജോസ് ട്രഷറായും കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സംഘടനയെ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ നയിച്ചുവരുന്നു.ദേവാലയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഓരോ മേഖലയിലും പ്രത്യേകിച്ച് ശ്രമദാനപ്രവര്‍ത്തനങ്ങളില്‍ പ്രൊഫഷണല്‍ സി.എല്‍.സി. അംഗങ്ങളുടെ സാന്നിധ്യവും പ്രവര്‍ത്തനങ്ങളും പ്രത്യേകം ശ്ലാഹനീയമാണ്. ദൈവാലയ പുനര്‍നിര്‍മ്മാണ ഫണ്ട് ശേഖരണാര്‍ത്ഥം സംഘടിപ്പിക്കപ്പെട്ട നേന്ത്രവാഴകന്ന് വിതരണം വഴി വലിയൊരു സംഖ്യ സ്വരൂപിക്കാനും സാധിച്ചിട്ടുണ്ട്. ഫുഡ് ക്വാര്‍ട്ട്, ബിരിയാണമേള, ഔഷധകഞ്ഞികിറ്റ് വിതരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കാനും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഏകദേശം 200000 (രണ്ട് ലക്ഷം) രൂപയോളം പുനര്‍നിര്‍മ്മാണ ഫണ്ടില്‍ നിക്ഷേപിക്കാനും ഇക്കാലയളവില്‍ സാധിച്ചിട്ടുണ്ട്. തുടര്‍ന്നുവരുന്ന കാലഘട്ടങ്ങളില്‍ പുതിയതും ജനനന്മയ്ക്കുതകുന്നതുമായ പ്രവര്‍ത്തനപരിപാടികള്‍ സംഘടിപ്പിക്കാനും കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ മുന്നേറാനും സംഘടന ശ്രമിച്ചുവരുന്നു.

പ്രസിഡന്റ് – ശ്രീ. സി.എ. അലക്‌സ്, സെക്രട്ടറി – ശ്രീ. സണ്ണി ആലപ്പാട്ട്, ട്രഷറര്‍ – ശ്രീ. പി.സി. ജോസ്, വൈ.പ്രസിഡന്റ് – ശ്രീ ജോണച്ചന്‍ പി.ജെ., ജോ. സെക്രട്ടറി – ശ്രീ. പി.ജെ. ഫ്രാന്‍സിസ്, അതിരൂപത പ്രതിനിധി – ശ്രീ ജോര്‍ജ്ജ് മാത്യു പി., എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ – ശ്രീ. പി.ആര്‍. ജോസഫ്, ശ്രീ. സിന്റോ കുണ്ടുകുളം, ശ്രീ. പി.ജെ. ജോസഫ്.