പഴയ പറപ്പൂർ പള്ളി
പഴയ പറപ്പൂർ പള്ളി

അല്‍പ്പം ചരിത്രം
1731 ല്‍ സ്ഥാപിതമായ പറപ്പൂര്‍ ഇടവകകൂട്ടായ്മയുടെ  ചരിത്രം ആരംഭിക്കുന്നത് തോമസ്ശ്ലീഹ AD 52 ല്‍ സ്ഥാപിച്ച പാലയൂര്‍  പള്ളിയില്‍ നിന്നു തന്നെയാണ്. പിന്നീട്  AD 140 ല്‍ സെന്റ് തോമാസിന്റെ തന്നെ നാമധേയത്തില്‍ പണിയപ്പെട്ട മറ്റേ പള്ളിയെന്നറിയപ്പെടുന്ന മറ്റം പള്ളിയെയാണ് പറപ്പൂരുകാര്‍ ഞങ്ങളുടെ ഇടവകയായി കരുതിപോന്നത്. പഴയ മലബാര്‍ രാജ്യത്തുനില്‍ക്കുന്ന മറ്റം പള്ളിയിലേക്ക് തിരുകൊച്ചിരാജ്യത്തെ പ്രതിനിധീകരിക്കുന്ന പറപ്പൂരില്‍ നിന്നും 8 കി.മീറ്റര്‍ ദൂരമുണ്ട്. റോഡുകളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് വടക്കാഞ്ചേരി പുഴയുടെ ഭാഗമായ കടാംതോടും വയലേലകളും താണ്ടിവേണമായിരുന്നു പറപ്പൂരുകാര്‍ക്ക്  മറ്റം പള്ളിയിലെത്തിച്ചേര്‍ന്ന് ആത്മീയ   കാര്യങ്ങളില്‍ പങ്കുചേരുവാന്‍. പുലര്‍ക്കാലത്തെ തണുപ്പും ഇരുട്ടും വകവയ്ക്കാതെ, തുലാവര്‍ഷത്തിലെ മഴയെ കൂസാതെ ഞായറാഴ്ചകളിലും മറ്റ് കടമുള്ള ദിവസങ്ങളിലും പള്ളിയില്‍ എത്താന്‍ വൈകുമായിരുന്ന പറപ്പൂരില്‍ നിന്നുള്ള വിശ്വാസികള്‍ക്കു വേണ്ടി പലപ്പോഴും തിരുകര്‍മ്മങ്ങള്‍ അവിടെ വൈകിയാണാരംഭിച്ചിരുന്നത്. അങ്ങനെയൊരു മഴക്കാലത്ത് പുഴയും പാടവും കവിഞ്ഞൊഴുകിയതുമൂലം  പറപ്പൂരുകാര്‍ മറ്റം പള്ളിയിലെത്താന്‍ വല്ലാതെ വൈകിപ്പോയി. ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്ത് മറ്റം പള്ളിയിലിലെത്തിയപ്പോഴേക്കും അവിടെ തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചിരുന്നു. ‘മുഴുവന്‍ കുര്‍ബ്ബാനയില്‍’ സംബന്ധിക്കാനാകാത്ത ഇച്ഛാഭംഗത്തില്‍ അവര്‍ ബാക്കി കുര്‍ബ്ബാനയില്‍ തീക്ഷണതയോടെ പങ്കുചേര്‍ന്നു. തിരുകര്‍മ്മളില്‍ പങ്കെടുക്കുന്നവരെ തൊട്ടുമുത്തിയും പള്ളിയിലെ തിരുവചനങ്ങള്‍  ആവര്‍ത്തിച്ചുകേട്ട് ഈശ്വരാനുഭവം കൈവരിക്കാനും ആത്മസംതൃപ്തി നേടാനും കാത്തുനില്‍ക്കുന്ന പറപ്പൂരിലെ പ്രായമായവരും അവശരുമായ വിശ്വാസികളോട്, മുഴുവന്‍ കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാന്‍ സാധിച്ചില്ലെന്ന കാര്യം എങ്ങനെ പറയുമെന്ന ആശങ്ക, അവരെ നിശ്ചയദാര്‍ഢ്യത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുകയായിരുന്നു. അന്ന് പറപ്പൂരിലെ വിശ്വാസി സമൂഹം നിശ്ചയിച്ചു. ഇനി കുര്‍ബ്ബായ്ക്കായി മറ്റം പള്ളിയിലേക്കില്ല: വി.കുര്‍ബ്ബാനയുണ്ടെങ്കില്‍ അത് പറപ്പൂരില്‍ തന്നെ. പറപ്പൂരിന്റെ  ദേശചരിത്രം മാറ്റിയെഴുതിയ ഒരു സുവര്‍ണ്ണാധ്യായത്തിന് അന്ന് തുടക്കമിട്ടു.

പറപ്പൂരിന്റെ വിശ്വാസസാക്ഷ്യത്തിനുള്ള യാത്രക്ക് വരാപ്പുഴ അപ്പസ്‌തോലിക വികാരിയായിരുന്ന ബിഷപ്പ് ജോണ്‍ ബാപ്പ്റ്റിസ്റ്റു പച്ചക്കൊടികാട്ടി. മനക്കുളം രാജാവും പുന്നത്തൂര്‍ രാജാവും   അനുവദിച്ചുകൊടുത്ത സ്ഥലത്ത് പനമ്പട്ട കൊണ്ട് വശങ്ങള്‍ മറച്ച് ഓലകൊണ്ട് മേഞ്ഞ താല്‍ക്കാലിക ദൈവാലയത്തിന് 1731 ല്‍ തുടക്കമായി. 64 കുടുംബങ്ങള്‍ക്കുവേണ്ടി, 1383 ല്‍ കുമ്പസാരസഹസ്യം  കാത്തുസൂക്ഷിക്കുന്നതിനുവേണ്ടി രക്തസാക്ഷിയാകേണ്ടിവന്ന, 1729 ല്‍ വിശുദ്ധപദവിയിലേക്ക് ഉയര്‍ന്ന പ്രാഗ് രൂപതാധ്യക്ഷന്‍ കൂടിയായിരുന്ന വി.ജോണ്‍ നെപുംസ്യാന്റെ നാമധേയത്തിലുള്ള ഇന്ത്യയിലെ ആദ്യ ദൈവാലയം അങ്ങനെ പറപ്പൂരില്‍ സ്ഥാപിതമായി.

പനമ്പുകൊണ്ടും ഓലകൊണ്ടും പണിത പള്ളി, ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം കല്ലും മരവും ഉപയോഗിച്ചുള്ള  ഉറപ്പുള്ള പള്ളിയായി. ഇന്ന് കാണുന്ന വീതിയുള്ള ചുമരും ഉയരമുള്ള മേല്‍ക്കൂരയും പണിയപ്പെട്ടത് 1825-35 കാലഘട്ടത്തിലാണ്. പള്ളി വികാരിയും നാട്ടുകാരനുമായിരുന്ന ഇയ്യോബ് ചിറ്റിലപ്പിള്ളിയെന്ന ഇയ്യു കത്തനാരാണ്  പള്ളി നിര്‍മ്മാണത്തിന് നേതൃത്വം വഹിച്ചതെന്നാണ് പറയപ്പെടുന്നത്. കാലഘട്ടത്തിനനുസരിച്ച് നിരവധി കൂട്ടിചേര്‍ക്കലുകള്‍ക്കും  പുതുക്കിപണിയലുകള്‍ക്കും പള്ളി വിധേയമായി. 1915 ല്‍ നിര്‍മ്മിച്ച പള്ളിക്കകത്തെ മുറിത്തട്ട്, 1918 ല്‍ പണിതീര്‍ത്ത നടപ്പുര, പള്ളിപറമ്പിന്റെ പടിഞ്ഞാറു സ്ഥാപിച്ച കപ്പേള, 1930 കളില്‍ പോന്നോരിലും ചിറ്റിലപ്പിള്ളിയിലും സ്ഥാപിക്കപ്പെട്ട കുരിശുപള്ളികള്‍ എന്നിവയൊക്കെ പറപ്പൂരിന്റെ വിശ്വാസപാരമ്പര്യത്തിനു മാറ്റുകൂട്ടി. 1871 ല്‍ നിലവില്‍ വന്ന മുണ്ടൂര്‍ ഇടവക, 1968 ല്‍ രൂപംകൊണ്ട പോന്നോര്‍ ഇടവക, 1985 ല്‍ രൂപീകൃതമായ  ചിറ്റിലപ്പിള്ളി ഇടവക എന്നിവയുടെയൊക്കെ തള്ളപ്പള്ളിയാണ് പറപ്പൂരെന്നു പറയുമ്പോഴാണ് ഈ പ്രദേശത്തിന്റെ വിശ്വാസമഹത്വം നമുക്ക് ബോധ്യപ്പെടുക. 1947-48 കാലഘട്ടത്തില്‍ പുതുക്കിപണിത അള്‍ത്താരകളും 1963 ല്‍ പണിത തെക്കേവിങ്ങും 1972 ലെ സെമിത്തേരിപള്ളിയുടെ നിര്‍മ്മാണവും ഓരോ കാലഘട്ടത്തിലും വിശ്വാസ സമൂഹത്തിന്റെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുതന്നെയായിരുന്നു. വികസനത്തിന്റെ ഓരോ ചുവടുവെയ്പ്പിലും ആത്മീയ ചൈതന്യത്തോടെ  ഇടവകസമൂഹം ഒന്നായി, തങ്ങളുടെ  ആത്മീയപിതാക്കന്‍മാരായ ബഹു വൈദീകരോടും ചേര്‍ന്നുനിന്നപ്പോള്‍ മാറ്റങ്ങള്‍ സുഗമമാക്കുകയായിരുന്നു.

പറപ്പൂരില്‍ വന്ന വിദ്യാഭ്യാസവിപ്ലവം
പറപ്പൂരിന്റെ ആദ്ധ്യാത്മിക വളര്‍ച്ചക്കൊപ്പം വിദ്യാഭ്യാസപരവും സാമൂഹ്യപരവുമായ വളര്‍ച്ചക്ക് മാറ്റുകൂട്ടുന്നതിനായിരുന്നു പള്ളിയോട് ചേര്‍ന്നുള്ള പള്ളിക്കൂടങ്ങള്‍. സുറിയാനി കത്തോലിക്ക സഭയിലെ കേരളത്തില്‍ നിന്നുള്ള ആദ്യ വികാരി ജനറാളായിരുന്ന വി.ചാവറ കുരിയാക്കോസ് ഏലിയാസിന്റെ ‘പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന’ ഇടയലേഖനത്തിനോട് (1864) ചേര്‍ന്ന് 1874 ല്‍ പറപ്പൂരില്‍ പള്ളിയോട് ചേര്‍ന്ന് ആദ്യ എല്‍.പി.സ്‌കൂള്‍ സ്ഥാപിക്കപ്പെടുകയും തുടര്‍ന്ന് 1924 ല്‍ ആരംഭിച്ച യു.പി.സ്‌കൂള്‍ വളര്‍ന്ന് ഹയര്‍സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കുകയും ചെയ്ത് ഈ നാടിന്റെ സാമൂഹ്യമാറ്റത്തിന് പറപ്പൂര്‍ പള്ളി ആക്കം കൂട്ടുകയുണ്ടായി.

പനമ്പുപള്ളിയില്‍ നിന്നും വളര്‍ന്ന് പറപ്പൂരിന്റെ ആദ്ധ്യാത്മിക ഭൗതീകമേഖലകളില്‍ പടര്‍ന്നു പന്തലിച്ച  പറപ്പൂര്‍ ഇടവക 1992 ല്‍ ഫൊറോന പദവിയിലേക്കുയര്‍ത്തപ്പെട്ടത് മറ്റൊരു സുവര്‍ണ്ണാധ്യായമായി  രേഖപ്പെടുത്തപ്പെട്ടു. ഫൊറോനക്കു കീഴില്‍ ആമ്പക്കാട്, പുറനാട്ടുകര, അടാട്ട്, അമല, ചിറ്റിലപ്പിള്ളി, എടക്കളത്തൂര്‍, പോന്നോര്‍, പെരുവല്ലൂര്‍ എന്നീ പള്ളികളും പറപ്പൂര്‍  ദേശത്തിന്റെ ആത്മീയവ്യാപനത്തിന്റെ അടയാളമെന്നോണം സ്ഥാപിക്കപ്പെട്ട അന്നകര, ഊരകം, എന്നീ കുരിശുപള്ളികളും ഇടവകയെന്ന സ്വപ്നത്തോടടുത്തുകൊണ്ടിരിക്കുന്ന വി.അല്‍ഫോണ്‍സാമ്മയുടെ നാമധേയത്തുള്ള തോളൂര്‍ പള്ളിയുമുണ്ട്. ഈ നാടിന്റെ വളര്‍ച്ചക്ക് നാന്ദിക്കുറിച്ച ഒട്ടേറെ സ്ഥാപനങ്ങള്‍ ഇപ്പോഴും സ്ഥിതി ചെയ്യുന്നത് പള്ളി സംഭാവന  നല്‍കിയ സ്ഥലത്തോ, പള്ളി കെട്ടിടത്തിലോ ആണെന്നുള്ളത്  പറപ്പൂരിന്റെ വികസനസ്വപ്നങ്ങള്‍ക്ക് പള്ളി നല്‍കിയ പിന്തുണയൊന്നുകൊണ്ട് മാത്രമാണ്.
ദൈവവിളികളാല്‍ തൃശൂര്‍ അതിരൂപതയിലെ തന്നെ സമ്പന്നമായ ഒരിടവകയാണ് പറപ്പൂര്‍. 300 ലധികം സമര്‍പ്പിതരും നാല്‍പ്പതോളം വൈദീകരും ആത്മീയ തേജസ്സുകളായി  ലോകത്തിന്റെ വിവിധഭാഗങ്ങളില്‍  ശുശ്രൂഷ ചെയ്യുന്നു. പുണ്യശ്ലോകനായ അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ചനും തൃശ്ശൂര്‍ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായ, പാവങ്ങളുടെ പിതാവെന്നറിയപ്പെടുന്ന മാര്‍ ജോസഫ് കുണ്ടുകളം തിരുമേനിയും, മെല്‍ബണ്‍ രൂപതാധ്യക്ഷനും, ന്യൂസിലാന്റിലെ അപ്പസ്‌തോലിന്‍ വിസിറ്റേറ്ററുമായ മാര്‍ ബോസ്‌കോ പുത്തൂരും ഈ ഇടവകക്കാരാണെന്നുള്ളതില്‍ ഇടവക ബഹുമാനിക്കുന്നു. ആത്മീയ ഭൗതീക സാഹചര്യ വികസന- വിദ്യാഭ്യാസ വളര്‍ച്ചക്കൊപ്പം സാമൂഹ്യജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ഇടവകയിലെ 35 കുടുംബകൂട്ടായ്മകളും 15 ഓളം വരുന്ന സംഘടനകളും ട്രസ്റ്റുകളും നേതൃത്വം വഹിക്കുന്നത് പറപ്പൂരിന്റെ സാമൂഹ്യമുഖത്തെ കൂടുതല്‍ അനാവൃതമാക്കുന്നു. അതിരൂപതക്കുതന്നെ മാതൃകയായ പലിശരഹിത വായ്പ പദ്ധതിയും ഫാമിലി വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനും (FWO) പറപ്പൂരിനു സ്വന്തമായുള്ള സാമൂഹ്യപദ്ധതികള്‍ തന്നെ.

ആഴമേറിയ വിശ്വാസപൈതൃകത്തിന്റെ മണ്ണിലാണ് കഴിഞ്ഞ 286 വര്‍ഷങ്ങളിലായി പറപ്പൂര്‍ ഇടവക നിലകൊള്ളുന്നത്. മൂന്നു നൂറ്റാണ്ടിനടുത്ത് ചരിത്രമുള്ള സമ്പന്നമായ ക്രൈസ്തവസാക്ഷ്യത്തിന്റെ  പ്രതീകമാണ് നവംബര്‍ 5 ന് കൂദാശയും പ്രതിഷ്ഠാകര്‍മ്മവും നിര്‍വ്വഹിക്കാനിരിക്കുന്ന നവീന ദൈവാലയം. അതുകൊണ്ടുതന്നെ ദൈവാലയ പ്രതിഷ്ഠ സുദീര്‍ഘമായ പറപ്പൂരിന്റെ ചരിത്രത്തിലെ പുതിയൊരു അധ്യായമായി മാറുമെന്ന് തീര്‍ച്ച. പുരാതനവും പഴമയുള്ളതുമായ പഴയ  ദൈവാലയത്തിന്റെ അടയാളങ്ങള്‍ അപ്പാടെ നിലനിര്‍ത്തികൊണ്ട് തന്നെ ദൈവാലയ നിര്‍മ്മിതി സാധിച്ച പറപ്പൂരിന്റെ  ചരിത്രബോധത്തിനും അത്യാഡംബരങ്ങളില്ലാതെ വിസ്തൃത്മായ പള്ളിയെന്ന  സ്വപ്നസാക്ഷാത്ക്കാരത്തിനായി നേതൃത്വം കൊടുത്ത പ്രിയ വികാരി പോളിനീലങ്കാവിലച്ചനും, നിര്‍മ്മാണ കാലയളവില്‍ ഉടലെടുത്ത പ്രതിസന്ധികളെയെല്ലാം ദൈവാനുഗ്രഹത്താല്‍ തരണം ചെയ്ത പറപ്പൂര്‍ ഇടവക സമൂഹത്തിന്റെ നിശ്ചദാര്‍ഢ്യത്തിനും സര്‍വ്വോപരി സ്വപ്നസാക്ഷാല്‍ക്കാരത്തിന് കൃപ നല്‍കിയ സര്‍വ്വേശ്വര പ്രണാമം.

ഇടവക മദ്ധ്യസ്ഥനും ഇടവക പ്രത്യേകം വണങ്ങുന്ന വി.റോസയും.
1330 മുതല്‍ 1383 വരെ ജീവിച്ച വി.ജോണ്‍ നെപുംസ്യാനാണ് ഇടവകയുടെ മധ്യസ്ഥന്‍. മാരകരോഗത്തോടെയായിരുന്നു വിശുദ്ധന്റെ ജനനം. ദൈവഭക്തിയിലും ദൈവവിശ്വാസത്തിലും  പൂര്‍ണ്ണ ബോധ്യമുണ്ടായിരുന്ന ജോണിന്റെ മാതാപിതാക്കള്‍, പരി.അമ്മയുടെ മദ്ധ്യസ്ഥനായി കരഞ്ഞു അപേക്ഷിച്ചിരുന്നു. രോഗം മാറിയ ജോണ്‍ എന്നും ദൈവാലയത്തില്‍ പോകുകയും ഉറച്ച വിശ്വാസത്തോടെ  പ്രാര്‍ത്ഥനകളിലും തിരുകര്‍മ്മങ്ങളിലും പങ്കെടുക്കുമായിരുന്നു. പിന്നീട് പുരോഹിതനും പ്രാഗ് രൂപതയുടെ മെത്രാനുമായിരുന്ന ജോണച്ചനെ ബൊഹീമിയായിലെ രാജാവായ വെഞ്ചസ്ലാവോസ്, നോമ്പുകാല പ്രസംഗത്തിനായി ക്ഷണിച്ചു. യുവാവായ വെഞ്ചസ്ലാവോസ്  തികഞ്ഞ മദ്യപാനിയും അലസനുമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പത്‌നിയും രാജ്ഞിയുമായ ജെയിന്‍ വിശുദ്ധ ജീവിതത്തിനുടമായിരുന്നു. രാജാവിന് അവളോട് സ്‌നേഹമായിരുന്നെങ്കിലും അവളുടെ അമിതഭക്തി ഇഷ്ടപ്പെട്ടിരുന്നില്ല. മാത്രവുമല്ല  ഒരു സംശയരോഗിയുമായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ വെഞ്ചസ്ലാവോസ് രാജ്ഞിയുടെ കുമ്പസാരക്കാരനായിരുന്ന ജോണച്ചനോട്  തന്റെ  ഭാര്യ കുമ്പസാരത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പറയാന്‍ ആവശ്യപ്പെടുകയും തയ്യാറാകാത്തതിനാല്‍ ജോണച്ചനെ പീഢകളേല്‍പ്പിച്ച് സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു.  അവയെല്ലാം യേശുനാമത്തില്‍ സഹിച്ച ജോണച്ചന്‍, കുമ്പസാരരഹസ്യം പറയാന്‍ വിസമ്മതിച്ചുവെന്ന് മാത്രമല്ല, രാജാവിന്റെ അവസാനപ്പെട്ട ശ്രമവും പരാജയപ്പെട്ടപ്പോള്‍ വെഞ്ചസ്ലോവോസീനെ കല്‍പ്പനപ്രകാരം 1383 ല്‍ അദ്ദേഹത്തെ ചുട്ടു  കൊന്നശേഷം നദിയില്‍ മൃതദേഹമെറിഞ്ഞു. .പിന്നീട് കുമ്പസാരക്കാരുടെ മദ്ധ്യസ്ഥനായി 1729 ല്‍ പോപ്പ് ഇന്നസെന്റ് 13-ാം മന്‍ പ്രാഗ് രൂപതയുടെ മെത്രാന്‍ കൂടിയായിരുന്ന ജോണച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുകയായിരുന്നു. എന്തുത്യാഗം സഹിച്ചും വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കണമെന്ന സന്ദേശമാണ് വിശുദ്ധന്റെ രക്തസാക്ഷിത്വം. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വദിനമായ മെയ് 16 നാണ്  അദ്ദേഹത്തിന്റെ തിരുനാളെങ്കിലും പറപ്പൂരിലെ സൗകര്യാര്‍ത്ഥം മെയ് 10 കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് വിശുദ്ധന്റെ തിരുനാളാചരിക്കുന്നത്. വിശുദ്ധനോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിക്കാന്‍ മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്ക് ജോണിന്റെ വകഭേദങ്ങളായ പേരുകളിടുന്നത് പറപ്പൂരിന്റെ പ്രത്യേകതയാണ്.ഇടവക വിശുദ്ധന്റെ മധ്യസ്ഥം തന്നെയാണ് ഇടവകയുടെ ദൈവവിളി സമ്പത്തിനടിസ്ഥാനം. പുതിയ പള്ളിയുടെ മുഖവശത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന വിശുദ്ധന്റെ രൂപം വലതുകയ്യിന്റെ ചൂണ്ടുവിരല്‍ ചുണ്ടിനോട് ചേര്‍ത്തുവെച്ച് നില്‍ക്കുന്ന  വിശുദ്ധന്റെ രൂപം, കുമ്പസാര രഹസ്യത്തിന്റെ പ്രാധാന്യം നമ്മെയോര്‍മ്മിപ്പിക്കുന്ന തിരു സ്വരൂപം തന്നെയാണ്.

ഇടവക മധ്യസ്ഥനായ വി.ജോണ്‍ നെപുംസ്യാനു പുറമെ ഇടവക പ്രത്യേകം വണങ്ങുന്ന ഒരു വിശുദ്ധ കൂടി പറപ്പൂരിനുണ്ട്. വിശുദ്ധയോടുള്ള വണക്കം ഇടവകയില്‍ എന്നുമുതലാണ് ആരംഭിച്ചതെന്നതിന് ചരിത്രപരമായ രേഖകളില്ല. 1586 മുതല്‍ 1617 വരെ പെറുവിന്റെ തലസ്ഥാനമായ ലീമയില്‍ ജീവിച്ചവളായിരുന്നു ഇസബെല്ലയെന്ന റോസ പുണ്യവതി.. റോസപ്പൂവിനോട് തുല്യമായ സൗന്ദര്യം തന്നെയാണ് ഇസബെല്ലയെ റോസ് ആക്കിയത്. അമേരിക്കയില്‍ നിന്നുള്ള ആദ്യവിശുദ്ധ കൂടിയായ വി.റോസയുടെ ജീവിതസാക്ഷ്യം ത്യാഗത്തിന്റെയും വിശുദ്ധിയുടെയും വിശ്വാസചൈതന്യത്തിന്റേതുമാണ്. സൗന്ദര്യവതിയായതുകൊണ്ടുതന്നെ റോസയെ മോഹിച്ചിരുന്ന ധാരാളം ആളുകള്‍ അന്നാട്ടിലുണ്ടായിരുന്നു. പക്ഷേ തന്റെ സൗന്ദര്യത്തെപ്പറ്റി മറ്റുള്ളവര്‍ പറയുന്നതു കേള്‍ക്കുമ്പോള്‍ അവള്‍ക്കു ഭയമായിരുന്നു. അക്കാരണംകൊണ്ട് വീടിനുപുറത്തേക്ക് പോകേണ്ടിവരുന്ന സാഹചര്യങ്ങളില്‍ കൈകളിലും മുഖത്തുമൊക്കെ കുരുമുളക് അരച്ചുപിടിപ്പിച്ച് വിരൂപമാക്കിയിരുന്നു. കൈകള്‍ ചൂടുള്ള കുമ്മായത്തില്‍ മുക്കി വിരൂപമാക്കിയും തലമുടിക്കുള്ളില്‍ കൊച്ചുമുള്‍മുടി വെച്ചും സഹനത്തിന്റെ ഉദാത്ത മാതൃകയായിരുന്നു വി.റോസ്. താന്‍ നട്ടുപിടിപ്പിച്ച പച്ചക്കറി തോട്ടത്തിലെ കയ്‌പേറിയ പച്ചക്കറികള്‍ കഴിച്ച് പ്രാര്‍ത്ഥനയുടെ ചൈതന്യത്തില്‍ ഏകാന്തതയില്‍ കഴിയാന്‍ തന്നെയാണ് വി.റോസ് സമയം കണ്ടെത്തിയിരുന്നത്. 20-ാം വയസ്സില്‍ ഡൊമിനിക്കന്‍  സഭയില്‍ ചേര്‍ന്ന് കന്യാസ്ത്രീയായ വി.റോസ തന്റെ 31-ാം വയസ്സില്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ‘സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാന്‍ കുരിശല്ലാതെ മറ്റു ഗോവണികളില്ല’ എന്നു എപ്പോഴും പറഞ്ഞിരുന്ന റോസ തന്റെ വേദനകളും രോഗപീഢനങ്ങളും ദൈവനാമത്തില്‍ സഹിച്ച്, കൂടുതല്‍ സഹനത്തിനായ് ദൈവത്തോട് പ്രാര്‍ത്ഥിക്കുമായിരുന്നു. ക്ലെമന്റ് ഒന്‍പതാമന്‍ മാര്‍പാപ്പ 1671 ല്‍ റോസയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

നവംബര്‍ 20-ാം തിയ്യതി ഞായറാഴ്ചയെങ്കില്‍ അന്നോ, അതുകഴിഞ്ഞുവരുന്ന ഞായറാഴ്ചയോ ആണ് വിശുദ്ധ റോസയുടെ തിരുനാള്‍ പറപ്പൂരില്‍ കൊണ്ടാടുന്നത്. തമുക്കുതിരുനാള്‍ എന്ന പേരിലാണ് ഈ തിരുനാള്‍ അറിയപ്പെടുന്നത്. പുഴുക്കല്ലരി വറുത്ത് പൊടിച്ച് ശര്‍ക്കരയും പഴവും ചുക്കും ഏലക്കയും ചേര്‍ത്തുണ്ടാക്കുന്ന നേര്‍ച്ചയാണ് തമുക്ക്. ഗര്‍ഭിണികള്‍ വയറുസംബന്ധമായ രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഈ നേര്‍ച്ച സൗഖ്യദായകമെന്നാണ് തലമുറകളായി വിശ്വസിക്കുന്നത്. ആനക്കൊമ്പുകൊണ്ടുണ്ടാക്കിയ വി.റോസയുടെ തിരുസ്വരൂപം കഴുകിയ വെള്ളം ഗര്‍ഭിണികള്‍ വിശ്വാസത്തോടെ കുടിച്ചാല്‍ സുഖപ്രസവമുണ്ടാകുമെന്നും തിരുസ്വരൂപത്തില്‍ സമര്‍പ്പിച്ച എണ്ണ തലയില്‍ പുരട്ടിയാല്‍ പകിട്ടാര്‍ന്ന തലമുടിയുണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. നീളമുള്ള തലമുടിയുണ്ടാകുന്നതിനായി, സ്വയം ഈര്‍ക്കിലി വാര്‍ന്നുകെട്ടി പുണ്യവതിക്കു കാഴ്ചവെയ്ക്കുന്ന പതിവും പറപ്പൂര്‍ പള്ളിയിലുണ്ട്. പറപ്പൂരിലെ പെണ്‍മക്കള്‍ക്കുള്ള പേരുകളില്‍ പകുതിയും റോസയെന്ന നാമത്തോട് ചേര്‍ന്നുനില്‍ക്കുന്നത്, ഇന്നാട്ടിലെ ജനങ്ങള്‍ക്കിടയിലെ വി.റോസയുടെ സ്വാധീനം കൊണ്ടുമാത്രമാണ്.

ദീപസ്തംഭങ്ങളായി കുരിശുപള്ളികള്‍
തോളൂര്‍, അന്നകര, ഊരകം, എന്നീ സ്ഥലങ്ങളിലായി മുന്നുകുരിശുപള്ളികള്‍ ആത്മീയവളര്‍ച്ചയുടെ ദീപസ്തംങ്ങളായി നിലകൊള്ളുന്നു. 2016 ല്‍ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ച വി.അല്‍ഫോണ്‍സാമ്മയുടെ നാമധേയത്തിലുള്ള തോളൂരിലെ ദൈവാലയം ആ പ്രദേശത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെയും, പ്രാര്‍ത്ഥനാനിര്‍ഭരമായ ത്യാഗത്തിന്റെയും കെടാവിളക്കായി നിലകൊള്ളുന്നു. 220 ഓളം കുടുംബങ്ങളിലെ ആയിരത്തോളം വിശ്വാസികള്‍ക്കുവേണ്ടി, പണി കഴിക്കപ്പെട്ടിട്ടുള്ള തോളൂരിലെ ദൈവാലയം വി.അല്‍ഫോണ്‍സാമ്മയുടെ പേരിലുള്ള തൃശ്ശൂരിലെ ആദ്യ ദൈവാലയമാണ്. അന്നകരയിലെ ദൈവാലയത്തിനുള്ള  പ്രാഥമിക നടപടികള്‍ ഇതിനകം തന്നെ ആരംഭിച്ചുണ്ട്. ഭൂമിശാസ്ത്രപരമായി രണ്ടുകിലോമീറ്റര്‍ ദൂരെ കിടക്കുന്ന ഊരകത്തും കൂദാശനിര്‍വ്വഹണത്തിനായി ഒരു കൊച്ചുപള്ളിയുണ്ട്.