തിരുനാൾ ദിനമായ മെയ് 13 ഞായറാഴ്ച രാവിലെ 6, 7:15, 8:30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും തുടർന്ന് രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ പാട്ടു കുർബാനക്ക് ചിറ്റാട്ടുകര അസിസ്റ്റന്റ് വികാരിയും നവ വൈദീകനുമായ റവ ഫാ ജോമോൻ പൊന്തേക്കെൻ കാർമ്മികത്വം നൽകി. വിശുദ്ധ കുർബാന മദ്ധ്യേ ആറംപ്പിള്ളി വികാരി സ്റ്റാഴ്സൺ കള്ളിക്കാടൻ തിരുനാൾ സന്ദേശം നൽകി. ഓരോ തിരുനാളും വിശ്വാസത്തിന്റെ പ്രഘോഷണമായിരിക്കണമെന്നും വിശുദ്ധരുടെ ആത്മീയ ജീവിത മൂല്യങ്ങൾ വിശ്വാസികളുടെ അനുദിന ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കട്ടെ എന്ന് തിരുനാൾ സന്ദേശത്തിൽ വൈദീകൻ ആശംസിച്ചു. വൈകീട്ട് 4:30 ന്റെ ദിവ്യബലിക്ക് ശേഷം പള്ളിയുടെ അങ്കണത്തിൽ നിന്ന് കിഴക്കേ അതിർത്തി വരെ തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള തിരുനാൾ പ്രദിക്ഷണം റവ ഫാ പോളി നീലങ്കാവിൽ, റവ ഫാ ഫിവിൻസ് ചിറ്റിലപ്പിള്ളി, റവ ഫാ ജാക്സൺ ചാലക്കൽ, റവ ഫാ സെബാസ്റ്റ്യൻ പാലത്തിങ്കൽ എന്നിവർ നേതൃത്വം നൽകി. തിരുനാൾ പ്രദിക്ഷണത്തിനു ശേഷം വിശുദ്ധരുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും വിശ്വാസികൾക്ക് അവസരം ഉണ്ടായിരുന്നു. തുടർന്ന് വിവിധ യൂണിറ്റുകളിൽ നിന്ന് അമ്പ്, വള പ്രദിക്ഷണവും, മെഗാ ബാൻഡ് മേളവും തിരുനാൾ ദിനത്തിലെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.