Fr. Chalissery Bijo Jose, Vicar

Address
St. Mary Edakkalathur Trichur Kerala 680 552, Phone: +91 487 2285525

Mass Timings

Sunday: 6.45 am, 09.30 am
Monday: 06:30am
Tuesday: 06:30am
Wednesday: 06:30am
Thursday: 06:30am
Friday: 06:30am
Saturday: 06:30am

എടക്കളത്തൂർ ഇടവകുടെ ആദ്യകാല ചരിത്രം ആരംഭിക്കുന്നത് പൂർവ്വീകർ യേശുവിലുള്ള അവരുടെ വിശ്വാസം സംരക്ഷിച്ചു ജീവിക്കാൻ വേണ്ടി അവരുടെ സ്വന്തം ഇടവകയായിരുന്ന മറ്റം പള്ളിയുമായും ഇടവക അധികാരികളുമായും സഹകരിച്ച് പ്രവർത്തിച്ചിരുന്ന 19-ാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടത്തോടെയാണ് ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ച് വിശ്വാസ സംരക്ഷണത്തിനുവേണ്ടി വളരെയധികം ത്യാഗങ്ങൾ അവർ സഹിച്ചിരുന്നു. ഇവിടെ നിന്നും ആളൂർ വഴി 5 കിലോമിറ്ററോളം നടന്നുവേണം മറ്റം പള്ളിയിലെത്താൻ. ആരംഭകാലത്തിൽ ഇവിടെ ഒരു കുരിശുപള്ളി പണിയുന്നതിനുവേണ്ടി പ്രവർത്തിച്ചത് മറ്റം ഇടവകയിലെ 16 വീട്ടുക്കാരാണ്.

1923 മെയ് 10-ാം തിയ്യതി എടക്കളത്തൂരിൽ ഒരു പ്രാർത്ഥനാലയം പണിയുന്നതിനുവേണ്ടി എടക്കളത്തൂർ മുട്ടിക്കൽ ചാക്കു വറീത് എടക്കളത്തൂർ വില്ലേജിൽ സർവ്വെ നമ്പർ 848/2ൽ ഒരേക്കർ പത്ത് സെന്റ് ഭൂമി വെറും പാട്ടശീട്ടുപ്രകാരം മറ്റം പള്ളിക്ക് ദാനമായി നൽകി. 5 കൊല്ലത്തിനുശേഷം 1928 ജനുവരി 22-ാം തിയ്യതി 2-ാം നമ്പർ യോഗത്തിൽ എഴുതിവെച്ച നിശ്ചയപ്രകാരം എടക്കളത്തൂരിൽ പള്ളിവക പറമ്പിൽ അവിടുത്തെ കുട്ടികൾക്ക് വേദപഠനത്തിനും മറ്റ് പ്രാർത്ഥനാവശ്യങ്ങൾക്കുമായി ഉദ്ദേശം നൂറു രൂപയിൽ കവിയാത്ത സംഖ്യ ചെലവ് ചെയ്ത് ഒരു പ്രാർത്ഥനാലയം പണിയുന്നതിന് നിശ്ചയിച്ചു. അതുപ്രകാരം ഓലമേഞ്ഞ ഒരു പ്രാർത്ഥനാലയം പണിതീർത്തു. ഈ ആലയത്തിൽ വിശ്വാസികൾ പ്രാർത്ഥനയും വേദപാഠക്ലാസ്സുകളും ആരംഭിച്ചു. എടക്കളത്തൂർ ഇടവക ആരംഭിത്തിന്റെ ഈ നിർണ്ണായക യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചത് ബഹു. മഞ്ഞളി ഇഗ്നേഷ്യസ് അച്ചനായിരുന്നു. തൃശൂർ രൂപതാ മെത്രാൻ തിരുമനസ്സിൽ നിന്നുണ്ടായ കൽപ്പനയനുസരിച്ച് കുരുശുപള്ളിയും പറമ്പും എടക്കളത്തൂർ സെന്റ് ആന്റണീസ് സമുദായത്തിന് ലഭിച്ചു. വെറും പാട്ടശീട്ടുപ്രകാരം പറമ്പിന്മേൽ അവകാശം ഉണ്ടായിരുന്ന എടക്കളത്തൂർ മുട്ടിക്കൽ ചാക്കു മക്കളും അവരുടെ അവകാശം മുണ്ടൂർ രജിസ്റ്റർ ഓഫീസിൽ 7-1-64/ൽ 42-3/3 നമ്പർ പ്രകാരം കുരിശുപള്ളിക്ക് അവരുടെ ഒഴിമുറി ദാനമായി നൽകി കേവലം 50 പേർക്ക് മാത്രം ഇരിക്കാവുന്ന കുരിശുപള്ളി 2 ഭാഗത്തേക്കും ഓരോ ചെറിയ ഹാൾ പണിത് ഓടിട്ട് പുതുക്കി പണിതു. ഇതിനാവശ്യമായ ഓടു മരവും ദിവ്യബലി അർപ്പിക്കാനാവശ്യമായ എല്ലാ വിശുദ്ധ വസ്തുക്കളും തക്‌സ വയ്ക്കാനുള്ള മരത്തിന്റെ മടക്കാവുന്ന സ്റ്റാന്റും മറ്റം പള്ളി ദാനമായി തന്നു.

ഈ കാലത്ത് എടക്കളത്തൂർ തെക്കുമുറിയിലെ പറപ്പൂർ ഇടവകാംഗങ്ങളായ 30 വീട്ടുകാരേയും എടക്കളത്തൂർ കിഴക്ക് പുത്തൂർ ഭാഗത്തുള്ള കത്തോലിക്കാ കുടുംബാംഗങ്ങളേയും പോന്നോർ കുരിശുപള്ളിയിലേക്ക് ഇടവക ചേർത്ത് പോന്നോർ ഇടവക രൂപീകരിക്കാൻ പറപ്പൂർ പള്ളി വികാരിയായിരുന്നു ഫാ. ജി.എഫ്. ചൂണ്ടൽ ശ്രമമാരംഭിച്ചിരുന്നു. 1964 ഡിസംബർ 13-ാം തിയ്യതി 8 മാസത്തിനുശേഷം 1965 ആഗസ്റ്റ് 15-ാം തിയ്യതി സെന്റ് ആന്റണീസ് കുരിശുപള്ളിയിൽ തൃശൂർ അതിരൂപത മെത്രാന്റെ കൽപ്പനപ്രകാരം പറപ്പൂർ പള്ളി വികാരി ഫാ. ജി.എഫ്. ചൂണ്ടൽ ആദ്യമായി വിശുദ്ധ കുർബ്ബാന അർപ്പിച്ചു. നടത്തുവികാരിയായി പോന്നോർ പളളി വികാരി – ജോസ് എ. വാഴപ്പിള്ളി അച്ചനെ നിയമിച്ചിരുന്നു. തുടർന്ന് എല്ലാ ഞായറാഴ്ചകളിലും വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നതിനുള്ള അനുവാദം ലഭിച്ചു. 1965 ഒക്‌ടോബർ 8-ാം തിയ്യതി പറപ്പൂർ പള്ളി വികാരി ഫാ. ജി.എഫ്. ചൂണ്ടലിന്റെ അദ്ധ്യക്ഷതയിലും നടത്തുവികാരി ജോസ് എ. വാഴപ്പിള്ളി അച്ചന്റെ സാന്നിദ്ധ്യത്തിലും കുരിശുപള്ളിയിൽ വെച്ച് യോഗം ചേർന്ന് പള്ളി പണിയുന്നതിന് ചർച്ച നടത്തി.

കിഴക്കേ കുന്നിന്റെ വടക്കേ ചെരുവിൽ പഞ്ചായത്ത് റോഡിനോട് ചേർന്നുള്ള എടക്കളത്തൂർ ദേവസ്സി ഔസേപ്പിന്റെ വകയായ ‘പുതുവത്സര’ പറമ്പ് പള്ളിപണിക്ക് യോജിച്ചതാണെന്ന് തീരുമാനമായി 2 ഏക്കർ 33 സെന്റ് വിസ്തീർണ്ണമുള്ള പറമ്പിന്റെ മുൻഭാഗത്തുനിന്ന് 1 ഏക്കർ 10 സെന്റ് സ്ഥലം പള്ളി പണിയാൻ അദ്ദേഹം ദാനമായി കൊടുത്തു. ബാക്കി ഒരു ഏക്കർ 23 സെന്റ് സ്ഥലത്തിന് വില നിശ്ചയിച്ചു. മൊത്തം 2983 രൂപ 50 പൈസ കണക്കാക്കി. ഇതിൽ 40 സെന്റിന് പണത്തിന് പകരം 40 സെന്റ് സ്ഥലം സെന്റ് ആന്റണീസ് കുരിശുപള്ളി നിൽക്കുന്ന സ്ഥലത്ത് പറമ്പിന്റെ തെക്ക് ഭാഗത്തുനിന്നും നൽകി. 1965 ഡിസംബർ 8-ാം തിയ്യതി തൃശൂർ രൂപത വികാരി ജനറൽ ആയിരുന്ന ബഹു. വാഴപ്പിള്ളി സഖറിയാസ് അച്ചൻ പള്ളിയുടെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. ഈ സമയത്തുതന്നെ പരിശുദ്ധ മാർപ്പാപ്പ റോമിൽ സഭാമാതാവിന്റെ നാമത്തിൽ ഒരു പള്ളിക്ക് തറക്കല്ലിടൽ കർമ്മം നടത്തുന്നുണ്ടായിരുന്നു. ഈ രണ്ട് സംഭവവും ഒത്തുചേർന്നുവന്നതുകൊണ്ട് എടക്കളത്തൂരിലെ പുതിയ പള്ളിയുടെ നാമം പരിശുദ്ധ കന്യകാമറിയത്തിന്റെതായിരിക്കണമെന്ന് ബഹു. സഖറിയാസ് അച്ചൻ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഇടവക ജനങ്ങളോട് നിർദ്ദേശിച്ചു. ഇത് 1965 ഡിസംബർ 12-ാം തിയ്യതി കൂടിയ യോഗത്തിൽ ചർച്ച ചെയ്തു. സെന്റ് ആന്റണീസ് എന്നുള്ളത് സെന്റ് മേരീസ് എന്ന് ആക്കണമെന്ന് യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു.

1968 ഫെബ്രുവരി 8-ാം തിയ്യതി കാത്തിരുന്ന ആ സുദിനം വന്നെത്തി. തൃശൂർ രൂപതയുടെ മെത്രാൻ എ.പെ.പെ.ബ. ഡോ. ജോർജ്ജ് ആലപ്പാട്ട് തിരുമേനിയുടെ തൃക്കരങ്ങളാൽ ദേവാലയത്തിന് വെഞ്ചിരിപ്പ് നടന്നു. 1972 ഏപ്രിൽ 30-ാം തിയ്യതി പള്ളിയുടെ നാമം സെന്റ് മേരീസ് എന്ന് പുനർനാമകരണം ചെയ്ത് രൂപതയിൽ നിന്ന് ഔദ്യോഗികമായി അംഗീകരിച്ച് കൽപ്പനയുണ്ടായി. 1972 മെയ് 10-ാം തിയ്യതി തൃശൂർ രൂപതമെത്രാൻ തിരുമനസ്സിലെ കൽപ്പന നമ്പർ ഡിഎൽ/2-72 പ്രകാരം സെന്റ് മേരീസ് പള്ളിയെ ഒരു ഇടവകയായി ഉയർത്തി.1972 ആഗസ്റ്റ് 14-ാം തിയ്യതിതന്നെ മറ്റം, പോന്നോർ, എരനെല്ലൂർ, പറപ്പൂർ, മുണ്ടൂർ പള്ളിവികാരിയച്ചന്മാരുടെ സാന്നിദ്ധ്യത്തിൽ തൃശൂർ രൂപതയുടെ മെത്രാൻ മാർ ജോസഫ് കുണ്ടുകുളം എടക്കളത്തൂരിനെ ഒരു ഇടവകയായി പ്രഖ്യാപിച്ചു. 1992 ജനുവരി 29-ാം തിയ്യതി എടക്കളത്തൂർ ഇടവകയ്ക്ക് സ്വന്തമായി വികാരിയച്ചനെ ലഭിച്ചു. ബഹു. ഫാ. റാഫേൽ മാള്യേമ്മാവ് ഇടവകയുടെ സ്ഥിരം വികാരിയായി ചാർജ്ജെടുത്തു. ഇടവകയിലുള്ള രണ്ടു കുരിശുപള്ളിയിൽ 25 നോമ്പ് ആരംഭിച്ചു. ആദ്യത്തെ ശനിയും ഞായറും വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളും ഈസ്റ്റർ കഴിഞ്ഞ് വരുന്ന ആദ്യത്തെ ഞായറാഴ്ച വടക്കെ പുത്തൂർ സെന്റ് ജോൺസ് കുരിശുപള്ളിയിൽ വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ തിരുനാളും ആഘോഷിച്ചുവരുന്നു. 1996 ആഗസ്റ്റ് 25ന് ചേർന്ന ഇടവക പൊതുയോഗത്തിൽ വെച്ച് പള്ളി പുതിക്കി പണിയണമെന്ന് തീരുമാനിച്ചു. ഫാ. ജോസഫ് മുരിങ്ങാത്തേരിയുടെ നേതൃത്വത്തിൽ 2000 ആഗസ്റ്റ് 16-ാം തിയ്യതി പൂർവ്വീകരെ ഓർത്ത് അവർക്കുവേണ്ടി വിശുദ്ധ കുർബ്ബാന അർപ്പിച്ച് സാഷ്ടാംഗം പ്രണാമം ചെയ്ത് പഴയ പള്ളി പൊളിച്ചുനീക്കി. 2001 ആഗസ്റ്റ് 15ന് അതായത് ശിലാസ്ഥാപനത്തിന് ശേഷം കൃത്യം ഒരു വർഷം പിന്നിടുന്ന മാതാവിന്റെ സ്വർഗ്ഗാരോപണതിരുനാളിൽ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജേക്കബ്ബ് തൂങ്കുഴി പുതിയ ദേവാലയത്തിന്റെ കൂദാശകർമ്മം നിർവ്വഹിച്ചു. നിർമ്മലസദൻ എന്ന നിർമ്മലദാസി സിസ്റ്റേഴ്‌സിന്റെ ഒരു മഠം 1999 ആഗസ്റ്റ് 15-ാം തിയ്യതി ഈ ഇടവകയിൽ പ്രവർത്തനം തുടങ്ങി. ഇരിങ്ങാലക്കുട ബിഷപ്പ് മാർ ജെയിംസ് പഴയാറ്റിൽ ഈ മഠത്തിന്റെ വെഞ്ചിരിപ്പുകർമ്മം നടത്തി. ബഹു. മാത്യു തൈപറമ്പിൽ അച്ചൻ 2 ഏക്കർ സ്ഥലം ഈ മഠത്തിന് ഇഷ്ടദാനം കൊടുത്തു. സെന്റ് വിൻസന്റ് ഡി പോൾ വനിതാ വിഭാഗം ഒരു മെഴുകുതിരി നിർമ്മാണ കമ്പനിയും നടത്തുണ്ട്. കെ.സി.വൈ.എം., കെ.എൽ.എം., മാതൃസംഘം, വിൻസന്റ് ഡീ പോൾ സൊസൈറ്റി പുരുഷ – വനിത വിഭാഗം, അൾത്താരസംഘം, തിരുബാലസഖ്യം, ജീസസ് യൂത്ത്, പ്രാർത്ഥനാഗ്രൂപ്പ്, ഗായകസംഘം, സി.എൽ.സി. എന്നീ സംഘടനകൾ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്നു.