പറപ്പൂര് സെന്റ് ജോണ്‍സ് നെപുംസ്യാന്‍ ഫൊറോന ദേവാലയത്തില്‍ നിന്ന് കിഴക്ക് ഏകദേശം 3 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന തോളൂര്‍ പ്രദേശത്ത് ഏകദേശം 30 വര്‍ഷങ്ങള്‍ക്കുമുമ്പ് പരേതനായ ചിറ്റിലപ്പിള്ളി അന്തോണി ദേവസ്സി തോളൂരിലെ വിശ്വാസികള്‍ക്ക് സമുദായം കൂടുന്നതിനായി 2 സെന്റ് സ്ഥലം ദാനമായി പറപ്പൂര് പള്ളിക്ക് നല്‍കുകയും ചെയ്തു. ആ സ്ഥലത്താണ് ആദ്യമായി ബഹു. ഫാ.ആന്റണി ഐനിക്കല്‍ അച്ചന്റെ കാലഘട്ടത്തില്‍ ഒരു കപ്പേള നിര്‍മ്മിക്കുകയും തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് കുണ്ടുകുളം പിതാവ് വെഞ്ചിരിപ്പ് കര്‍മ്മം നടത്തുകയും ചെയ്തു. തുടര്‍ന്ന് ബഹു.ഫാ.ചെറിയാന് പാറയ്ക്കല്‍ അച്ചന്റെ കാലഘട്ടത്തില്‍ കപ്പേള വിപുലീകരിക്കുകയും ചെയ്തു. പിന്നീട് വന്ന വികാരി ഫാ.തോമാസ് വടക്കേത്തല അച്ചന്റെ കാലത്ത് രൂപതയില്‍ അച്ചനും കൈകാരന്മാരും ജനറല്‍ബോഡി യോഗ തീരുമാനമനുസരിച്ച് സമ്മര്‍ദ്ദം ചെലുത്തുകയും അതിന്റെ ഫലമായി കുര്‍ബ്ബാന ചൊല്ലുന്നതിനുള്ള അംഗീകാരം ലഭിക്കുകയും ചെയ്തു. കപ്പേളയില്‍ ആദ്യത്തെ കുര്‍ബ്ബാന ബഹു.ഫാ.വര്‍ഗ്ഗീസ് വടക്കൂട്ട് അച്ചന്റേതായിരുന്നു.
തുടര്‍ന്ന് പറപ്പൂര് പള്ളി വികാരിയായി മോണ്‍. ഫാ. ജോര്‍ജ്ജ് അക്കരയച്ചന്‍ ചാര്‍ജെടുത്തു. അച്ചന്റെയും കൈകാരന്മാരുടെയും ശ്രമഫലമായി കപ്പേളയില്‍ എല്ലാ ഞായറാഴ്ചകളിലും കുര്‍ബ്ബാന ചൊല്ലുന്നതിന് രൂപതയില്‍ നിന്ന് അംഗീകാരം കിട്ടി. പിന്നീട് കുര്‍ബ്ബാന കാണുവാന്‍ വിശ്വാസികള്‍ കൂടുതല്‍ പേര് വരികയും ചെയ്തു. ഈയവസരത്തില്‍ വിശ്വാസികള്‍ അക്കരയച്ചനെ കണ്ട് പള്ളിക്ക് സ്ഥലം വാങ്ങണമെന്ന ആഗ്രഹം അറിയിച്ചു. ഉടനെ അച്ചന്റെ പ്രേരണയും പ്രോത്സാഹനവും ഉള്‍കൊണ്ട് തോളൂര്‍ നിവാസികളില്‍ നിന്ന് പിരിവെടുത്ത് പള്ളിക്കുള്ള സ്ഥലം വാങ്ങുന്നതിനും, പള്ളി പണിയുന്നതിനും തീരുമാനിച്ചു. സ്ഥലം വാങ്ങുന്നതിന് അന്നത്തെ യൂണിറ്റ് പ്രസിഡണ്ട്മാരും അച്ചനും കൂടി ആലോചിച്ച് ഇപ്പോള്‍ പള്ളി നില്ക്കുന്ന സ്ഥലം 1 ഏക്ര 20 സെന്റ് സ്ഥലം അക്കരയച്ചന്റെ കാലത്ത് വാങ്ങിക്കുവാന്‍ തീരുമാനമായി. തുടര്‍ന്ന് വികാരിയായി വന്ന ബഹു.ഫാ.ജോസ് ഐനിക്കല്‍ അച്ചന്റെ കാലത്ത് യൂണിറ്റുകളില്‍ നിന്നുള്ള 195 കുടുംബങ്ങളുടെ നിര്‍ലോഭമായ സഹകരണംകൊണ്ട് സ്ഥലം വാങ്ങുകയും ചെയ്തു.
പിന്നീട് വന്ന ഫൊറോന വികാരി റവ.ഫാ.ജോര്‍ജ് വടക്കേത്തല ഫണ്ട് സ്വരൂപണം തുടര്‍ന്നു. പള്ളിപറമ്പില്‍ ആദ്യമായി കരിക്കുറി തിരുനാളിന് ദിവ്യബലി അര്‍പ്പിച്ചത് ബഹു.റവ.ഫാ.ജോര്‍ജ് വടക്കേത്തലയച്ചനായിരുന്നു. പിന്നീട് പറപ്പൂര് വികാരിയായി വന്ന റവ.ഫാദര്‍ ഫ്രാങ്കോ കവലക്കാട്ട് അച്ചന്റെ നേതൃത്വത്തില്‍ 2011 ഫെബ്രുവരി 13 ന് തൃശൂര്‍ അതിരൂപതാ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവ് പള്ളിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. നിര്‍മ്മാണത്തിനുള്ള സ്ഥലത്തിന്റെ ഘടനയനുസരിച്ച് ചരിവ് പ്രതലമായതിനാല്‍ അടിഭാഗം ഹാളും മുകള്ഭാഗം ആരാധനാലയവുമായി പണിയാന്‍ രൂപകല്പന ചെയ്തു പ്രവര്‍ത്തനമാരംഭിച്ചു.
തോളൂര്‍ പ്രദേശത്തെ വിശ്വാസികളുടെ ശ്രമദാനഫലമായി 2012 ല്‍ താഴെയുള്ള ഹാളിന്റെ പണി പൂര്‍ത്തിയാവുകയും മുകളില്‍ ആരാധനാലയം നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. അതിനുമുന്നോടിയായി തോളൂരിലെ മുഴുവന്‍ വിശ്വാസികളും ചേര്‍ന്ന് സെന്റ് അല്‍ഫോന്‍സാമ്മ എന്ന പേര് ആരാധനാലയത്തിന് നല്കി. വികാരി. റവ. ഫാ. പോളി നീലങ്കാവില്‍ അച്ചന്റെ നേതൃത്വത്തില്‍ അള്‍ത്താര ആരാധനാലയത്തിന്റെ ബാല്‍ക്കണി നിര്‍മ്മാണം, മുഖവാര നിര്‍മ്മാണം, മണിമാളിക നിര്‍മ്മാണം എന്നിവ നിര്‍മ്മിക്കാന്‍ ഈ കാലഘട്ടത്തില്‍ കഴിഞ്ഞു.
വിശ്വാസത്തില്‍ അടിയുറച്ചുജീവിക്കുവാന് സഹനങ്ങളും ത്യാഗങ്ങളും സഹിച്ച വി.അല്ഫോന്സാമ്മയെപോലെ തോളൂരിലെ വിശ്വാസികള്‍ പണിതീര്‍ത്ത തൃശൂര്‍ അതിരൂപതയിലെ ആദ്യ ആരാധനാലയം വി.അല്‍ഫോന്‍സാമ്മയുടെ തീര്‍ത്ഥാടനകേന്ദ്രമായി തലമുറകള്‍ക്ക് കെടാത്ത ദീപമായി തിളങ്ങട്ടെ.