മൂന്നു നൂറ്റാണ്ടിനടുത്ത് ചരിത്രമുള്ള സമ്പന്നമായ ക്രൈസ്തവസാക്ഷ്യത്തിന്റെ പ്രതീകമായ പറപ്പൂര്‍ വി.ജോണ്‍ നെപുംസ്യാന്‍ ദേവാലയത്തിന്‍റെ പുന:പ്രതിഷ്ഠാകര്‍മ്മം തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിർവഹിച്ചു. വിശുദ്ധന്‍റെ നാമധേയത്തിലുള്ള ഇന്ത്യയിലെ ആദ്യ ദേവാലയം കൂടിയാണിത്. 2013 ഡിസംബര്‍ 15 ന് നടന്ന പൊതുയോഗമാണ് പള്ളി പുനനിര്‍മ്മിക്കണമെന്ന തീരുമാനം കൈക്കൊണ്ടത്. പിന്നീട് ആ തീരുമാനത്തിന് പിന്നില്‍ ഇടവകജനം മുഴുവനും ഒറ്റക്കെട്ടായി അണിനിരന്നപ്പോഴാണ് ഇന്ന് കാണുന്ന വിധത്തിലുള്ള മനോഹരമായ ആരാധനാലയം ഉയര്‍ന്നുവന്നിരിക്കുന്നത്. ഇടവകജനങ്ങളുടെ കൂട്ടായ പരിശ്രമവും അകമഴിഞ്ഞ സാമ്പത്തികസഹായവുമാണ് ഇതിനെ ഇത്രയും പെട്ടെന്ന് ഫലപ്രാപ്തിയിലെത്തിച്ചത്.